വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ട പദ്ധതി നിശ്ചയസമയത്ത് തന്നെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിശ്ചയിച്ച പ്രകാരം അതേ സമയത്ത് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും കരൺ അറിയിച്ചു. സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കരൺ കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പൂർണ ചുമതല ഇപ്പോൾ അദാനിക്കാണ്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ കരാർ ഒപ്പിടാൻ എത്തിയപ്പോൾ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല.