തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിജിലന്‍സ്. വില്ലേജ് രേഖകള്‍ പ്രകാരം 57 സെന്റ് സ്ഥലം മാത്രമുള്ള ഹോട്ടലുടമകളില്‍ ചിലര്‍ നാലരയേക്കറിലധികം കൃഷിഭൂമി നികത്തിയെടുത്താണ് ഹോട്ടലുകള്‍ നിര്‍മ്മിച്ചതെന്ന് കാണിച്ച് ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സിന്റെ ത്വരിത പരിശോധനാ നടപടി.
കൊച്ചിയിലെ മരട് നഗരസഭയ്ക്കു കീഴിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. നഗരസഭയുടെയും മുന്‍ സര്‍ക്കാരിന്റെയും ചില വഴി വിട്ട നടപടികളെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദനും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്ത് നല്‍കിയിരുന്നു. കൊച്ചി റെയ്ഞ്ച് ഡിവൈ എസ് പി ഫിറോസ് എം ഷെഫീഖിനാണ് അന്വേഷണത്തിന്റെ ചുമതല.