ടോം ജോസിന് ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്ത്; വരുമാനത്തിന്റെ 65 ശതമാനവും കണക്കില്‍ പെടാത്തത് - വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വെള്ളി, 28 ഒക്‌ടോബര്‍ 2016 (19:34 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന് ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍‌സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിജിലന്‍‌സ് കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിച്ചിരിക്കെയാണ് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തത്. അനധികൃത സ്വത്ത് കണ്ടെത്തിയതിനാലാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതെന്നും വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്ന് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നു.
കഴിഞ്ഞ ആറുവര്‍ഷം ടോം ജോസ് നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവിലാണ് ടോം ജോസ് മഹാരാഷ്ട്രയില്‍ ഭൂമിയിടപാട് നടത്തിയതെന്നും ഫ്‌ളാറ്റ് വാങ്ങിയതെന്നും വിജിലന്‍സ് കണ്ടെത്തി. മഹാരാഷ്ട്രയില്‍ 1.6 കോടിയുടെ ഭൂസ്വത്ത് ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ടോമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും വിജിലന്‍സ് എടുക്കുന്നുണ്ട്. ടോം ജോസിന്റെ ആറുവര്‍ഷത്തെ ആകെ നിക്ഷേപം രണ്ട് കോടി 39 ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി 19 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതാണെന്നാണ്‌ വിജിലന്‍സ് കണ്ടെത്തിയത്. നിലവിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയാണ് ടോം ജോസ്.

വെബ്ദുനിയ വായിക്കുക