സിപിഎം നേതാക്കള്‍ തന്നെ ബിജെപിക്കാരനാക്കാന്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും, അവര്‍ക്ക് സംസ്ഥാനത്തെ പുതിയ മദ്യ നയത്തില്‍ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ പുതിയ മദ്യ നിരോധനം പ്രായോഗികമല്ലെന്നും ഈ നീക്കം മദ്യ ഉപഭോഗം കൂട്ടാനും ക്രമസമാധാനനില തകര്‍ക്കുമെന്ന് പറഞ്ഞ സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയെ വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപിയുടെ ചില പ്രാദേശിക യോഗങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ നേരത്തെ പിണറായി വിമര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി ആക്കിയാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അതിനാല്‍ ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി സിപിഎമ്മിനെതിരെയും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചത്.