ഈ ബന്ധം എത്രനാള്‍ ?; എന്‍ഡിയെക്കുറിച്ചു പറയാന്‍ അദ്ദേഹം ആരുമല്ല, പുറത്തു നിൽക്കുന്ന ഒരാള്‍ പറയുന്നത് വിശ്വാസത്തില്‍ എടുക്കില്ല - വെള്ളാപ്പള്ളിക്കെതിരെ രാജഗോപാൽ

വ്യാഴം, 23 മാര്‍ച്ച് 2017 (20:48 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി നിർണയത്തെ രൂക്ഷമായി വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒ രാജഗോപാൽ എംഎൽഎ.

എൻഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി ആരുമല്ല. പുറത്തു നിൽക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങൾ വിശ്വാസത്തില്‍ എടുക്കേണ്ടതില്ലെന്നും രാജഗോപാൽ പറഞ്ഞു.

മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. സ്ഥാനാർഥി നിർണയം പിഴച്ചിട്ടില്ല.  സംസ്ഥാന നേതാക്കൾ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും രാജഗോപാൽ വ്യക്തമാക്കി.

നേരത്തെ മലപ്പുറത്തെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് നേരത്തെ വെള്ളാപ്പള്ളി  രംഗത്തെത്തിയിരുന്നു.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.

വെബ്ദുനിയ വായിക്കുക