തിരിച്ചു വന്നാല്‍ ഈഴവനാക്കാം, ഘര്‍ വാപസിക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ

ഞായര്‍, 18 ജനുവരി 2015 (12:43 IST)
കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന പുനര്‍ മതപരിവര്‍ത്തനമായ ഘര്‍ വാപസി( വീട്ടിലേക്കുള്ള മടക്കം) പരിപാടിയിലൂടെ ഹിന്ദുക്കളാകുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഈഴവാരായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഘര്‍ വാപസിയെ വിമര്‍ശിക്കുന്നവര്‍ പലരും ചൂണ്ടിക്കാണിക്കുന്ന ചോദ്യമായിരുന്നു ഇവരെ തിരികെ ഏത് ജാതിയില്‍ സ്വീകരിക്കും എന്നത്. ഇതിനാണ് വെള്ളപ്പള്ളി മറുപടി നല്‍കിയിരിക്കുന്നത്.
 
കരിമ്പാടം ശാഖയിലെ ശ്രീനാരായണ പ്രാര്‍ത്ഥനാ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും അഞ്ച് നവവര്‍ഷ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഈഴവരാകാന്‍ തയ്യാറുള്ള അന്യമതസ്ഥരെ എസ്എന്‍ഡിപി യോഗം സ്വീകരിക്കും. ആര്‍ക്കും സത്യപ്രസ്താവനയിലൂടെ എസ്എന്‍ഡിപി യോഗത്തില്‍ അംഗത്വം നല്‍കാം. അതിന് നിയമസാധുതയുണ്ട്. ഹിന്ദുമതത്തിലേക്കു വരുന്നവരെ ഏതു ജാതിയില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും മതനേതാക്കള്‍ക്കും ആശങ്കയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
മതപരിവര്‍ത്തനം ശ്വാശത പരിഹാരമല്ലെന്ന് ഗുരുദേവന്‍ പറഞ്ഞതാണ്. യോഗവും മതപരിവര്‍ത്തനത്തിന് എതിരാണ്. മതം മാറിയ ഈഴവരെ തിരിച്ചു കൊണ്ടുവരാന്‍ വര്‍ഷങ്ങളായി എസ്എന്‍ഡിപി യോഗം ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളെ മതം മാറ്റിയതെങ്ങനെയെന്ന് ചരിത്രത്തില്‍ വ്യക്തമാണ്. ഒരു കൂട്ടര്‍ കുത്തിക്കൊന്നും മറ്റൊരു കൂട്ടര്‍ നക്കികൊന്നുമാണ് മതം മാറ്റിയത്. സമുദായത്തിനു അഹര്‍മായതു ലഭിക്കുംവരെ ജാതി പറയേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക