സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷപ്രസംഗത്തിൽ കെ പി സി സി അധ്യക്ഷൻ വി എം സുധീരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മതവിദ്വേഷം നടത്തുന്ന രീതിയിൽ വെള്ളാപ്പള്ളി സംസാരിച്ചു എന്ന ആരോപിച്ച് വി എം സുധീരൻ, ടി എൻ പ്രതാപൻ എം എൽ എ എന്നിവർ ആയിരുന്നു വെള്ളാപ്പള്ളിക്ക് എതിരെ മൊഴി നല്കിയത്.
ആലുവ സിഐ ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആയിരിക്കും മൊഴി എടുക്കുക. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും ഈ ആഴ്‌ച നടപടിയുണ്ടാകും. ടെലിവിഷൻ ചാനലുകൾ റെക്കോഡ് ചെയ്തിട്ടുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ വിഷ്വലുകളാണ് പരിശോധിക്കുക. ഇത് ശേഖരിക്കുന്നതിനു മുന്നോടിയായി ചാനലുകൾക്ക് കത്ത് നല്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മറ്റൊരു പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു അടക്കം ഏതാനും പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അതിനുശേഷം അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. ഇതിനെതിരെ പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ തുടര്‍ നടപടികളുമായി പൊലീസ് മുന്നോട്ടു പോകാൻ ഒരുങ്ങുന്നത്.
മതസ്‌പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ഐ പി സി 153 എ വകുപ്പു പ്രകാരമാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഈ കുറ്റത്തിന് അറസ്‌റ്റ് ചെയ്‌താല്‍ കോടതിയില്‍നിന്ന് വെള്ളാപ്പള്ളി ജാമ്യമെടുക്കേണ്ടി വരും. അതേസമയം, ഈഴവരുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസാണ് സുധീരനെന്ന് വെള്ളാപ്പള്ളി ഞായറാഴ്ച മറ്റൊരു ചടങ്ങിൽ ആരോപിച്ചു.