വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:31 IST)
വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നല്‍കുകയായിരുന്നു മന്ത്രി.
 
വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്ന്ന്  അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുംവാഹന നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു.
 
മനുഷ്യ നിര്‍മ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പ്രശ്നങ്ങള്‍ മൂലമാണ് വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതല്‍ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിംഗ്സുകള്‍ ഘടിപ്പിച്ച്  നിയമവിരുദ്ധമായി അള്‍ട്ടറേഷന്‍ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍