വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

മെര്‍ലിന്‍ സാമുവല്‍

ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (11:28 IST)
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിക്കും.

ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്.

യുവജനങ്ങൾക്കിടയിലെ പിന്തുണയും മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് പ്രശാന്തിനെ സ്ഥാനാർഥിയായി പരിഗണിച്ചതിന് കാരണം.

നായര്‍ സമുദായത്തിൽപ്പെട്ടവർ 42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ്. കൂടാതെ കോർപ്പറേഷന്റെ പരിധിയിലുള്ള മണ്ഡലം കൂടിയാണിത്.  

എന്നാൽ,​ സാമുദായികസമവാക്യങ്ങൾ മാറ്റിവച്ച് മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് പരീക്ഷണത്തിന് സിപിഎം തീരുമാനിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ജില്ലാ കമ്മിറ്റിയില്‍ പ്രശാന്തിന്റെ പേരില്ലായിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പ് സംസ്ഥാന നേതൃത്വം തന്നെയാണ് ഈ പേര് ചര്‍ച്ചയ്ക്കായി നിര്‍ദേശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍