‘മഞ്ചേശ്വരത്തിന് പുറത്തുള്ളവർ വേണ്ട’, ലീഗിൽ പൊട്ടിത്തെറി, പ്രതിഷേധം - ഇടപെട്ട് കുഞ്ഞാലിക്കുട്ടി

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (16:05 IST)
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ആരാകണമെന്നതിനെ ചൊല്ലി പാർട്ടിയിൽ പൊട്ടിത്തെറി. മണ്ഡലത്തിന്‌ പുറത്തുനിന്നുള്ള ആളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് രംഗത്തെത്തി.

ലീഗിന്‍റെ കാസർകോട് ജില്ലാ പ്രസിഡന്‍റ് ജില്ലാ പ്രസിഡന്‍റ് എം സി ഖമറുദ്ദീന്‍റെ പേര് മുസ്ലീം ലീഗ് നേതൃത്വം ഉന്നയിച്ചപ്പോഴാണ് എതിർപ്പുയർന്നത്. ഈ നീക്കത്തെ എതിര്‍ത്ത യൂത്ത് ലീഗ് എകെഎം അഷറഫിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാക്കി.

മുതിര്‍ന്ന നേതാവെന്ന പരിഗണന ഖമറുദ്ദീന് നല്‍കണമെന്നാണ് നേതൃത്വത്തിന്റെയും പ്രാദേശിക തലത്തിലുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, പ്രദേശിക നേതൃത്വത്തിലെ പ്രമുഖനും കന്നഡ ഭാഷാമേഖലയിൽ നല്ല സ്വാധീനവുമുള്ള അഷ്റഫിനെ അംഗീകരിക്കണമെന്ന നിലപാട് യൂത്ത് ലീഗ് ശക്തമാക്കി.

തര്‍ക്കം രൂക്ഷമായതിന് പിന്നാലെ പാണക്കാട് തങ്ങളുടെ കൊടപ്പനയ്‌ക്കല്‍ തറവാടിന് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. ഇതോടെ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തു വന്നു.

പാർട്ടിയിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കമില്ല. ഒരു സ്ഥാനാർഥി നിർണയമാകുമ്പോൾ പല തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടാകും. അതിനെയൊന്നും ഇത്തരത്തിൽ കാണേണ്ടതില്ല. സ്ഥാനാര്‍ഥി  പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകും. മണ്ഡലം, ജില്ലാ, പ്രാദേശിക കമ്മിറ്റികളുമായൊക്കെ കൺസൾട്ട് ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍