കള്ളത്തരങ്ങള്‍ പൊളിയുന്നു; കുടുങ്ങുമെന്ന് വ്യക്തമായതോടെ പൊലീസ് മൊഴിയുടെ തിയതി മാറ്റി - ശ്രീജിത്തിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് വിനീഷ്
ഞായര്‍, 15 ഏപ്രില്‍ 2018 (12:01 IST)
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ മരിച്ച വാസുദേവന്റെ മകൻ വിനീഷ്. മരിച്ച ശ്രീജിത്തിന്റെയോ വിജീഷിന്റെയോ പേര് താന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടില്ല. ഇരുവരെയും അറിയാമെന്നു മാത്രമാണ് പറഞ്ഞത്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി.
രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ പൊലീസ് ശ്രീജിത്തിനെ അറിയാമോയെന്ന് ചോദിച്ചു. അപ്പോള്‍ അറിയാമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായശേഷം എട്ടാം തിയതി പുലര്‍ച്ചെയാണ് വീണ്ടും പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ് പറഞ്ഞു.
എട്ടിനു രേഖപ്പെടുത്തിയ മൊഴി പക്ഷേ പൊലീസ് രേഖകളിൽ ഏഴാം തീയതിയായി. കേസിൽ പൊലീസ് വ്യാജരേഖ ഉണ്ടാക്കി എന്നതിന്റെ കൂടുതൽ തെളിവുകളാണു പുറത്തുവരുന്നത്.
എട്ടിനു പുലര്‍ച്ചെ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിലാക്കിയ പൊലീസ് തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തി. പുതിയ മൊഴി രേഖപ്പെടുത്തി. ഈ മൊഴിപ്പകര്‍പ്പില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന തിയതി ഏഴ് ആണ്.
അന്നു വൈകിട്ട് തന്നെ വിനീഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി, ചില രേഖകളില്‍ ഒപ്പ് വാങ്ങി. എന്നിട്ടാണു സ്റ്റേഷനിലെത്തി പ്രതിയായ ശ്രീജിത്തിനെ തിരിച്ചറിഞ്ഞുവെന്നു വിനീഷിന്റെ പേരില്‍ ഈ മൊഴി ഉണ്ടാക്കിയത്.
ആളുമാറിയാണ് ശ്രീജിത്തിനെ കസ്‌റ്റഡിയില്‍ എടുത്തതെന്ന് വ്യക്തമായതോടെ ഉത്തരവാദിത്തം പരാതിക്കാരന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണ് മൊഴിയെടുത്ത ദിവസങ്ങളുടെ തിയതി മാറ്റിയത്.