മലപ്പുറം വളാഞ്ചേരിയിലെ കോട്ടപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ഒരാൾക്ക് പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ അടിയിലകപ്പെട്ട മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്.
കോട്ടപ്പുറത്ത് സംഘടിപ്പിച്ചിരുന്ന രാത്രികാല ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകരും കളിക്കാരുമാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.