വടക്കാഞ്ചേരി പീഡനം; ജയന്തനും അനുജനും സസ്പെൻഷൻ, പരാതിക്കാരിയായ സ്‌ത്രീയുടെ പേരും പുറത്ത്

വെള്ളി, 4 നവം‌ബര്‍ 2016 (19:08 IST)
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും വടക്കേഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജയന്തനെക്കൂടാതെ കേസിൽ ആരോപണ വിധേയനായ ബിനീഷിനെയും പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തു. പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തെങ്കിലും കൗൺസിലറായി ജയന്തൻ തുടരും. ജയന്തനെതിരെ കടുത്ത നടപടിക്ക് ഏരിയ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം. ഇതിലും വലിയ നേതാക്കന്മാർ തെറ്റ് ചെയ്‌തിട്ട് പാർട്ടി നടപടിയെടുത്തിട്ടുണ്ട്. ജയന്തനെതിരായ ആരോപണത്തിൽ വ്യത്യസ്ഥ വാദമുഖങ്ങൾ ഉയർന്നിട്ടുണ്ട്. അതിനാൽ കേസിൽ ജയന്തൻ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ആരോപണങ്ങളെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷിക്കും. കേസിൽ പൊലീസിന്റെ അന്വേഷണവും നടക്കും. പൊലീസ് കുറ്റക്കാരനാണെന്ന് തെളിയിച്ചാൽ ആരെയും പാർട്ടി സംരക്ഷിക്കില്ല. സിപിഎമ്മിനെ ഏതുരീതിയിലും തകർക്കാൻ ശ്രമിക്കുന്ന ചിലർ കെട്ടിച്ചമച്ചതാകാം ഈ ആരോപണമെന്നും രാധാകൃഷ്‌‌ണൻ കൂട്ടിച്ചേർത്തു.

ആരോപണം ഉന്നയിച്ച പെൺകുട്ടിയുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇത് കെട്ടിച്ചമച്ചതാകാനുള്ള സാധ്യതയില്ലാതില്ല. പെൺകുട്ടിയും ഭർത്താവും ഒമ്പതു വർഷമായി സ്വന്തം കുട്ടികളെ സംരക്ഷിക്കാത്തവരാണ്. മാതാപിതാക്കൾ വധഭീഷണിയുണ്ടെന്നുകാട്ടി ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. പത്രസമ്മേളനത്തിടെ രാധാകൃഷ്ണൻ പരാതിക്കാരിയായ സ്‌ത്രീയുടെ പേരും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക