തനിക്ക്‌ വോട്ടുചെയ്യില്ലെന്ന്‌ തോന്നിയതിനാലാണ്‌ സുധാകരന്‍ വിഎസിന്റെ വോട്ട്‌ ഒളിഞ്ഞുനോക്കിയത്: ചെന്നിത്തല

Webdunia
ബുധന്‍, 18 മെയ് 2016 (17:24 IST)
പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വോട്ടുചെയ്യുന്നത്‌ എത്തിനോക്കിയ ആരോപണത്തില്‍ ജി.സുധാകരനെ പരിഹസിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല രംഗത്ത്‌. തനിക്ക്‌ വോട്ടുചെയ്യില്ലെന്ന്‌ തോന്നിയതിനാലാണ്‌ സുധാകരന്‍ വിഎസിന്റെ വോട്ട്‌ ഒളിഞ്ഞുനോക്കിയതെന്ന്‌ രമേശ്‌ ചെന്നിത്തല പരിഹസിച്ചു.

അതേസമയം, വിഎസ് അച്യുതാനന്ദനും ഭാര്യയും വോട്ടുചെയ്യുന്നത് താന്‍ ഒളിഞ്ഞുനോക്കിയെന്ന വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ജി സുധാകരന്‍ ആരോപിച്ചു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം  പ്രതികരിച്ചു.

വിഎസ് അച്യുതാന്ദൻ വോട്ടുചെയ്യുന്നത് എത്തിനോക്കിയെന്ന പരാതിയിൽ ജി സുധാകരനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. പോളിംഗ് ബൂത്തിലെ തെറ്റായ പ്രവൃത്തിയുടെയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ സുധാകരനെതിരെ നടപടി.

വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ എസ്പിയോട് ആവശ്യപ്പെട്ടു. എസ്പിയുടെ നിർദേശ പ്രകാരം പുന്നപ്ര പൊലീസ് എഫ്ഐആർ തയ്യാറാക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തിൽ അടിയന്തരമായി കേസ് റജിസ്റ്റർ ചെയ്യാൻ ആലപ്പുഴ എസ്‌പിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഇകെ മാജി നിർദേശം നൽകിയിരുന്നു.

പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തില്‍ വിഎസ് വോട്ട് ചെയ്യുമ്പോള്‍ സഥാനാർഥിയായ ജി സുധാകരൻ നോക്കിനിന്നതാണ് വിവാദമായത്. മകൻ അരുൺ കുമാറാണു വിഎസിനെ വോട്ടുചെയ്യാൻ സഹായിച്ചത്. ഇവർക്കൊപ്പം ബൂത്തിൽ കടന്ന സുധാകരൻ വിഎസ് വോട്ടുചെയ്യുന്നതു നോക്കിയെന്നാണു പരാതി. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയില്ലാതെ പോളിംഗ് ബൂത്തിനുള്ളിൽ ഒരു പ്രവൃത്തിയിലും ഏർപ്പെടരുതെന്ന ചട്ടം സുധാകരൻ ലംഘിച്ചെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ.
Next Article