എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍

ഞായര്‍, 23 ജൂലൈ 2017 (09:56 IST)
എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (60) അന്തരിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 
 
ഇന്നു വൈകുന്നേരം നാലു മണിക്ക് കോട്ടയം പൊലീസ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉഴവൂരിലെ അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ നടക്കും. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ അദ്ദേഹത്തിന് നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റിയത്. 
 
എൻസിപിക്ക് കേരളത്തിൽ കരുത്താർന്ന നേതൃത്വം നൽകിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. 2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി എന്നിവയില്‍ അദ്ദേഹം അംഗമായിരുന്നു . നേതൃത്വത്തെക്കുറിച്ചുളള തര്‍ക്കങ്ങള്‍ എന്‍സിപിയില്‍ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ വിയോഗം.

വെബ്ദുനിയ വായിക്കുക