താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി സമ്മതിച്ച് പ്രതി സൂരജ്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു സൂരജിന്‍റെ കുറ്റസമ്മതം. കൊലപാതകത്തിന് കാരണമൊന്നുമില്ലായിരുന്നു എന്നും സൂരജ് വ്യക്‍തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജിന്‍റെ കുറ്റസമ്മതം.
എല്ലാ കാര്യങ്ങളും അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചുവെന്നും ലോകത്തില്‍ ഒരു കുട്ടിക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും പാമ്പിനെ സൂരജിന് കൈമാറിയ സുരേഷും വ്യക്‍തമാക്കി.
എന്നാല്‍ സൂരജ് ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയത് വീട്ടുകാരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു ആരോപിച്ചു.
ഇക്കഴിഞ്ഞ മേയ് ഏഴിനാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന ഉത്രയ്‌ക്ക് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്. സൂരജ് മൂര്‍ഖനെകൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്‍തമാക്കിയത്. ഉത്രയെ കൊലപ്പെടുത്താന്‍ നേരത്തെയും സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായും പൊലീസ് പറഞ്ഞു.