കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നെന്ന പരാതിയില്‍ സര്‍വ്വകലാശാല യു ജി സിക്ക് പരാതി നല്കി. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍ അറിയിച്ചതാണ് ഇക്കാര്യം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് യു ജി സി ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനികളുടെ പരാതിയിന്മേല്‍ ഡിസംബര്‍ ഏഴിന് റിപ്പോര്‍ട്ട് നല്കാന്‍ യു ജി സി ആവശ്യപ്പെട്ടിരുന്നെങ്കിലും പത്ത് ദിവസത്തിനു ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്കിയത്.
ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളുടെ ശരീരത്തിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞുവെന്ന പരാതി ഗൗരവമുള്ളതാണെന്നും പൊലീസ് അന്വേഷണം നടക്കുന്നുവെന്നും സര്‍വ്വകലാശാല ഡീന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ പരാതിക്കിടയാക്കിയ സംഭവം നടന്നത് നവംബറിലാണെങ്കിലും റിപ്പോര്‍ട്ടിലുള്ളത് ഡിസംബര്‍ ഒന്നിനാണെന്നാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.