ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിനെഴുതിയ കത്തിലെ ഒപ്പ് ആരുടേതാണെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് വി എസ്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (14:32 IST)
സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് എഴുതിയ കത്തിലെ ഒപ്പ് ആരുടേതാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. തൊടുപുഴയിൽ എൽ ഡി എഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഉമ്മൻചാണ്ടിക്കെതിരെ ഹൈക്കമാൻഡിന് എഴുതിയ കത്ത് തൻറേതല്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. എങ്കില്‍, ആ കത്തിലെ ഒപ്പ് ആരുടേതെന്ന് വ്യക്തമാക്കണമെന്നായിരുന്നു വി എസിന്റെ ആവശ്യം. ഒപ്പ് തന്റേതല്ലെങ്കിൽ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ ചെന്നിത്തല തയ്യാറുണ്ടോയെന്നും വി എസ് ചോദിച്ചു.
 
കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന പ്രചാരണ യോഗത്തില്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് വി എസ് വായിച്ചിരുന്നു. എന്നാൽ കത്ത് തൻറേതല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞിരുന്നു. ഇതോടെയാണ് ഒപ്പ് സംബന്ധിച്ച് വിശദീകരണം നല്കാന്‍ വി എസ് ആവശ്യപ്പെട്ടത്.
Next Article