മുല്ലപ്പെരിയാര്‍ കേസിലെ തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും: വിഎസ്
ചൊവ്വ, 8 ഡിസംബര്‍ 2015 (12:12 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മുല്ലപ്പെരിയാര്‍ കേസിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമാണ്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് തോറ്റു കൊടുക്കുകയായിരുന്നു. ഇത്തവണ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും കേരളത്തിന്റെ ശബ്‌ദം ഉയര്‍ന്നില്ലെന്നും വിഎസ് സഭയില്‍ കുറ്റപ്പെടുത്തി.
അതേസമയം, അണക്കെട്ടിന്‍റെ വ്യവസ്ഥകള്‍ പാലിക്കാത്ത തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. മുന്നറിയിപ്പ് നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും വെള്ളം ഒഴുക്കിവിട്ടത് വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും തമിഴ്നാട് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. സ്പില്‍വേകള്‍ തുറന്നുവിടുമ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ തമിഴ്നാടിന്‍റെ ഭാഗത്തുനിന്ന് അതുണ്ടായില്ല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയിലേക്ക് നീങ്ങുന്നത്.