യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: വി ഡി സതീശൻ

അഭിറാം മനോഹർ

ഞായര്‍, 4 ഓഗസ്റ്റ് 2024 (14:23 IST)
വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. വയനാടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
 
രാഹുല്‍ ഗാന്ധി 100 വീടുകള്‍ വെച്ചുനല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുസ്ലീം ലീഗും പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും. പുനരധിവാസം നടത്തുന്ന സമയത്ത് വീടുകളിലേക്ക് ആളുകള്‍ മടങ്ങുന്നവരില്‍ വരുമാനം നഷ്ടമായവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥന.

അതിന് എല്ലാ സഹായവും ഇപ്പോള്‍ പ്രഖ്യാപിച്ചതിന് പുറമെ യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാമെന്ന് ഗൗരവമായി ആലോചിക്കണമെന്നും കേരളത്തില്‍ മലയിടിച്ചില്‍ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിംഗ് നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍