സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പൂർണ സ്തംഭനാവസ്ഥയിലേക്ക്. കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. ഈ സ്ഥലങ്ങളില്‍ 30 കിലോമീറ്റർ വേഗമേ പാടുള്ളുവെന്നതിനാൽ വേഗനിയന്ത്രണം വയ്ക്കുമെന്ന തീരുമാനത്തോടെയാണ് ട്രെയിൻ ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലായത്.
ഈ തീരുമാനം ഇന്നു മുതൽ നടപ്പാക്കുമെന്നു ദക്ഷിണ റെയിൽവേ എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. അതോടൊപ്പം വേഗനിയന്ത്രണം കൂടി വരുമ്പോള്‍ ട്രെയിൻ യാത്ര ദുരിത പൂര്‍ണമാകും. കറുകുറ്റിയില്‍ അപകടത്തിനു കാരണമായ റെയിൽ പാളത്തിലെ വിള്ളൽ സംബന്ധിച്ച് ഉദ്യോഗസ്ഥൻ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ എൻജിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, കറുകുറ്റിയിലുണ്ടായ അപകടത്തെക്കുറിച്ച് തെളിവെടുപ്പിനായി റെയിൽവേയുടെ ഉന്നതതലയോഗം ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം സൗത്തിലെ റെയിൽവേ ഏരിയ മാനേജരുടെ ഓഫീസില്‍ ചേരും. റെയിൽവേ ചീഫ് സെക്യൂരിറ്റി ഓഫീസർ, ചീഫ് റോളിങ് സ്റ്റോക് എൻജിനീയർ, ചീഫ് ഓഫ് ഇലക്ട്രിക്കൽസ്, ചീഫ് ട്രാക്ക് എക്സാമിനർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെളിവെടുപ്പ് നടത്തുക