ഡി.ജി.പിയുടെ വീട്ടിൽ മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയ സംഭവം: 3 പോലീസുകാർക്ക് സസ്പെൻഷൻ

എ കെ ജെ അയ്യര്‍
ഞായര്‍, 24 ഡിസം‌ബര്‍ 2023 (19:42 IST)
തിരുവനന്തപുരം: എപ്പോഴും കനത്ത സുരക്ഷയുള്ള ഡി.ജി.പി യുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറി വീട്ടുപടിക്കൽ കുത്തിയിരുന്നു പ്രതിഷേധിച്ച  സംഭവത്തിൽ മൂന്നു ഡ്യൂട്ടി പോലീസുകാരെ സസ്പെൻഡ് ചെയ്തു. പോലീസുകാരുടെ വീഴ്ച കൊണ്ടാണ് ഇത് നടന്നതെന്നും ഇത് സേനയ്ക്കും ആംഡ് പോലീസ് ആസ്ഥാന സൽ പേരിനും കളങ്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബറ്റാലിയൻ ഡി.ഐ.ജി രാഹുൽ ആർ. നായർ 3 പേരെയും സസ്പെൻഡ് ചെയ്തത്.
 
വസതിയുടെ സുരക്ഷാ ചുമതലയുള്ള റാപ്പിഡ് റെസ്പോണ്ട് ആന്റ് റസ്ക്യൂ ഫോഴ്സിലെ മുരളീധരൻ നായർ , മുഹമ്മദ് ഷെബിൻ, സജിൻ എന്നിവർക്കെതിരെയാണ് നടപടി. പരാതിക്കാർ എന്നു കരുതിയാണ് ഗേറ്റ് തുറന്നത് എന്ന പോലീസുകാരുടെ വാദം അന്വേഷണം നടത്തിയ ആർ.ആർ.ആർ.എഫ് കമാണ്ടന്റ് തള്ളി.  കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് ആയിരുന്നു സംഭവം.
 
ഡി.ജി പി യുടെ വീട്ടിൽ പരാതി സ്വീകരിക്കാറില്ല. വന്നവർ ആരെന്നറിയാതെ ഉന്നത ഉദ്യോഗസ്ഥനോടോ ഡി.ജി.പി യുടെ സ്റ്റാഫിനോടോ ആലോചിക്കാതെ ഗേറ്റ് തുറന്നത് നിരുത്തരവാദ പരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിനൊപ്പം വനിതാ പോലീസ് ഇല്ലാതിരുന്നതിനാൽ വനിതാ പ്രതിഷേധക്കാരെ തടയാനായില്ലെന്ന വാദവും അംഗീകരിച്ചില്ല. സി.ജി.പിക്കു നേരേ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ലാഘവത്തോടെ കണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article