വൃദ്ധയെ പീഡിപ്പിച്ച ശേഷം മാല കവർന്ന പ്രതിക്ക് 30 വർഷത്തെ കഠിന തടവ്
തിരുവനന്തപുരം: എൺപത്തിനാലുകാരിയായ വൃദ്ധയെ പീഡിപ്പിച്ച ശേഷം സ്വർണ്ണമാലയുമായി കടന്ന കേസിലെ പ്രതിയായ 27 കാരന് കോടതി 30 വർഷത്തെ കഠിന തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു.കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മനൊത്ത് വീട്ടിൽ നിന്ന് പാങ്ങോട് തെറ്റിയോട് കോളനി ചരുവിള വീട്ടിൽ സുമേഷ് ചന്ദ്രയെയാണ് കോടതി ശിക്ഷിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആന പാപ്പാനായിരുന്നു പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സുധീഷ് കുമാറിന്റേതാണ് വിധി. സി.സി.വി.ടി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വന പ്രദേശത്തു കൂടെ ക്ഷേത്രത്തിലേക്ക് പോയ വൃദ്ധയെ മരത്തിനു പിന്നിൽ മറഞ്ഞിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു. ഇവരെ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണ മാലയുമായി പ്രതി കടന്നു കളയുകയായിരുന്നു. സംഭവത്തിന് ശേഷം ഇവരുടെ സമനില തെറ്റിയ നിലയിലായിരുന്നു.