ടൈറ്റാനിയം: തര്‍ക്കം തീര്‍ന്നു, മാലിന്യം നാളെ നീക്കും

ശ്രീനു എസ്
വ്യാഴം, 25 ഫെബ്രുവരി 2021 (19:36 IST)
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം നീക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളും കമ്പനിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ചു. ഫാക്ടറിയില്‍നിന്നു ഫര്‍ണസ് ഓയില്‍ ചോര്‍ന്നു കടലിലേക്ക് ഒഴുകിയ ഓടയിലെ മാലിന്യം നാളെ പൂര്‍ണമായി നീക്കംചെയ്യും. ഈ ഓട നാട്ടുകാര്‍ മണ്ണിട്ട് അടച്ചതിനെത്തുടര്‍ന്നു കമ്പനിക്കുള്ളില്‍നിന്ന് എണ്ണയും മാലിന്യം കലര്‍ന്ന മണ്ണും നീക്കാന്‍ കഴിഞ്ഞിരുന്നില്ല. 
 
മാലിന്യ നീക്കം പൂര്‍ണമാകാതിരുന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്കു നല്‍കിയിരുന്ന സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാതിരുന്നതിനെത്തുടര്‍ന്നു കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഫെബ്രുവരി പത്തിനു പുലര്‍ച്ചെയാണു ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഫര്‍ണസ് പൈപ്പ് തകര്‍ന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. ഇതേത്തുടര്‍ന്നു പ്രദേശത്തെ തീരക്കടലിലും കരയിലും എണ്ണ പടര്‍ന്നു. തുടര്‍ന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ലാ ഭരണകൂടവും നടത്തിയ പരിശോധനയില്‍ എണ്ണ കലര്‍ന്ന മണ്ണ് പ്രദേശത്തുനിന്നു നീക്കംചെയ്ത് എണ്ണ നിര്‍വീര്യമാക്കുന്നതിനു കമ്പനിക്കു നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article