രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് തറവില നിശ്ചയിച്ച് കേരളം

ശ്രീനു എസ്
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:57 IST)
രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് തറവില നിശ്ചയിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് തറവില തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും.
 
ഉല്‍പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും, കാലാകാലങ്ങളില്‍ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയില്‍ സംഭരണവിതരണ സംവിധാനങ്ങള്‍ ഏകോപിക്കുന്നത്. ഈ ഘട്ടത്തില്‍ കൃഷിയിലേയ്ക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നല്‍കുന്നതായിരിക്കും ഈ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

Next Article