തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ നോര്‍ക്കയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും സംയുക്ത വായ്പ പദ്ധതി ആവിഷ്‌കരിച്ചു

ശ്രീനു എസ്
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (18:12 IST)
തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ നോര്‍ക്കയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും സംയുക്ത വായ്പ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (C.M.E.D.P) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
 
നോര്‍ക്കയുടെ എന്‍.ഡി.പ്രേം വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതില്‍ 15 ശതമാനം മൂലധന  സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക്  ആദ്യ  നാലു  വര്‍ഷം മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതില്‍ മൂന്ന് ശതമാനം വീതം നോര്‍ക്ക, കെ.എഫ്.സി സബ്സിഡി  ഉള്ളതിനാല്‍  ഉപഭോക്താവിന് നാലു ശതമാനം പലിശ അടച്ചാല്‍ മതി. സേവന മേഖലയില്‍ ഉള്‍പെട്ട വര്‍ക്ക്ഷോപ്, സര്‍വീസ് സെന്റ്റര്‍, ബ്യൂട്ടി പാര്‍ലര്‍, റെസ്റ്റോറെന്റ്/ ഹോട്ടല്‍, ഹോം സ്റ്റേ/ ലോഡ്ജ്, ക്ലിനിക്/ ഡെന്റല്‍ ക്ലിനിക്, ജിം, സ്പോര്‍ട്സ് ടര്‍ഫ്, ലോണ്‍ട്രീ സര്‍വീസ് എന്നിവയും ഐ ടി /ഐ ടി ഇ എസും, നിര്‍മാണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫ്ളോര്‍  മില്‍സ്/ ബഫേര്‍സ്, ഓയില്‍ മില്‍സ്, കറി പൗഡര്‍/ സ്പൈസസ്, ചപ്പാത്തി നിര്‍മാണം, വസ്ത്ര  നിര്‍മ്മാണം  എന്നീ  മേഖലകളിലാണ്  വായ്പ അനുവദിക്കുക. അപേക്ഷ www.norkaroots.org യില്‍  നല്‍കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article