എഡിജിപി ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

വ്യാഴം, 17 നവം‌ബര്‍ 2016 (12:03 IST)
ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ശ്രീലേഖയുടെ ഇടപാടുകളില്‍ വന്‍ തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് ഗതാഗതമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഗതാഗത മന്ത്രിയുടെ ശുപാര്‍ശയടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.
 
മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരിയായിരുന്നു ശ്രീലേഖക്കെതിരായ വകുപ്പ് തല അന്വേഷണം നടത്തിയത്. അനുമതിയില്ലാതെ വിദേശയാത്ര, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചില്ല, ചട്ടം ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റം, ധനദുര്‍വിനിയോഗം എന്നീ പരാതികള്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടത്.  
 
കൂടാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനാല് വാഹനങ്ങള്‍ വാങ്ങിയെന്നും റോഡ് സുരക്ഷാ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ചാണ് വീട്ടിലേക്കുളള റോഡിന്റെ നിര്‍മ്മാണം നടത്തിയതെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വകുപ്പ്തല അന്വേഷണം നടത്തിയ ടോമിന്‍ തച്ചങ്കരി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക