ലോക്‍നാഥ് ബെഹ്‌റയുടെ നിയമനം; സെന്‍‌കുമാറിന് അതൃപ്‌തി, പുതിയ തസ്‌തിക ഉടന്‍ ഏറ്റെടുത്തേക്കില്ല

Webdunia
ചൊവ്വ, 31 മെയ് 2016 (09:25 IST)
പൊലീസ് തലപ്പത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ അഴിച്ചുപണിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ടിപി സെന്‍‌കുമാര്‍ രംഗത്ത്. സംസ്ഥാന പൊലീസ് മേധാവിയായി ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലോക്‍നാഥ് ബെഹ്‌റയെ നിയമിച്ചതാണ് സെന്‍‌കുമാറിനെ ചൊടുപ്പിച്ചത്.

ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സെന്‍‌കുമാറിന് കേരള പൊലീസ് ഹൗസിംഗ്  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. എന്നാല്‍, പുതിയ തസ്‌തിക ഉടന്‍ ഏറ്റെടുക്കേണ്ടതില്ല എന്നാണ് സെന്‍‌കുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അവധിയില്‍ പോകാനും അദ്ദേഹം പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഉച്ചയോടെ ഉത്തരവ് ലഭിക്കുമെന്നും അപ്പോള്‍ പ്രതികരിക്കാമെന്നുമാണ് സെന്‍‌കുമാര്‍ വ്യക്തമാക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലുള്ള പൊലീസ് മേധാവിയെ തസ്‌തികയില്‍ നിന്ന് മാറ്റുന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്തേണ്ടതുണ്ട്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ഈ ഫയലില്‍ എന്താണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും അറിയാന്‍ സെന്‍‌കുമാര്‍ നീക്കം നടത്തുന്നുണ്ട്.

അതേസമയം തന്നെ ഒരു വര്‍ഷം സര്‍വ്വീസ് ബാക്കിയിരിക്കെ പൊലീസ് മേധാവി തസ്‌തികയില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപറ്റിക്കെതിരെ കോടതിയെ സമീപിക്കാനും സെന്‍‌കുമാര്‍ മുതിരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഏത് കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ മാറ്റിയതെന്ന് അറിയാനാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്.
Next Article