സെൻകുമാർ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി; ഡിജിപി സ്ഥാനത്തു നിന്നും നീക്കിയത് വീഴ്‌ചകള്‍ പതിവായതോടെ: സര്‍ക്കാര്‍

വെള്ളി, 24 ജൂണ്‍ 2016 (17:25 IST)
വിവാദക്കേസുകളില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുന്‍ ഡിജിപി ടിപി സെൻകുമാർ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സംസ്ഥാന സർക്കാർ. വീഴ്‌ചകള്‍ ഉണ്ടായതു കൊണ്ടാണ് സെന്‍‌കുമാറിനെ മാറ്റാനുള്ള തീരുമാനമെടുത്തത്. പരവൂർ, ജിഷ വധക്കേസ് സംഭവങ്ങളിൽ പൊലീസിനെ ന്യായീകരിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സുപ്രീംകോടതി പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണു സെന്‍കുമാറിനെ സ്ഥാനത്തുനിന്നു മാറ്റിയത്. ജനങ്ങളില്‍ അവമതിപ്പ് ഉണ്ടായ സാഹചര്യത്തില്‍ പൊലീസ് മേധാവിയെ മാറ്റാൻ സർക്കാരിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകിയത്.

നേരത്തെ, സ്ഥാനമാറ്റ വിഷയത്തില്‍ സെന്‍കുമാറിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയത് ചട്ടലംഘനമാണെന്നും രണ്ടുവര്‍ഷം ഒരേ സ്ഥാനത്തുതന്നെ തുടരണമെന്നാണ് ചട്ടമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇടതുസർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ലോക്നാഥ് ബെഹ്‌റയ്ക്കാണ് പകരം ചുമതല നൽകിയത്. ഇതിനെതിരെ സെൻകുമാർ പരസ്യമായി രംഗത്തെത്തുകയും പരാതി നല്‍കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക