ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ പദ്ധതി

എ കെ ജെ അയ്യര്‍
ചൊവ്വ, 18 ഓഗസ്റ്റ് 2020 (19:14 IST)
കോവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരില്‍ നടപ്പാക്കുന്ന രണ്ടുതരത്തില്‍ പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും.
 
അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി) വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ് സിഡിയായി നല്‍കും.
 
രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടിയാണ്. കേരള ബാങ്കുമായി ചേര്‍ന്നാണ് 100 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ കേരള ബാങ്ക് വായ്പ അനുവദിക്കും. ഒന്‍പതു ശതമാനമായിരിക്കും വായ്പയ്ക്കുള്ള പലിശ. ഈ പലിശയില്‍ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article