പ്രതാപന്റെയും ആര്യാടന്റെയും ആര്‍ജ്ജവം കാണിക്കുമോ വി എസും ഉമ്മന്‍ ചാണ്ടിയും ?

ചൊവ്വ, 22 മാര്‍ച്ച് 2016 (16:01 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ മേളം തുടങ്ങിക്കഴിഞ്ഞു. സിറ്റിങ് എം എല്‍ എ ആയിരിക്കുന്നവര്‍ തങ്ങളുടെ സീറ്റ് നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ സീറ്റുമോഹികളായ ഖദര്‍ധാരികള്‍ പാര്‍ട്ടി ഓഫീസുകളുടെ തിണ്ണ കയറിയിറങ്ങുകയാണ്. അധികാരം ഒരിക്കല്‍ തലയ്ക്കു പിടിച്ചാല്‍ പിന്നെയത് വിട്ടൊഴിയില്ല എന്നാണ് പ്രമാണം. വര്‍ഷങ്ങളായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്ന നേതാക്കള്‍ തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം.
 
എന്നാല്‍, ഇതിനൊക്കെ മറുപടിയുമായാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും ഇരുത്തം വന്ന യുവനേതാവ് ടി എന്‍ പ്രതാപനും മത്സരിക്കുന്നില്ല എന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി എം എല്‍ എ ആണ് ടി എന്‍ പ്രതാപന്‍. 2001, 2006 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നാട്ടിക നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച ടി എന്‍ പ്രതാപന്‍ 2011ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുമായിരുന്നു സഭയില്‍ എത്തിയത്.
കോണ്‍ഗ്രസില്‍ കരുത്തുള്ള ശബ്‌ദമുള്ള പ്രതാപന്‍ ആണ് ഇത്തവണ യുവാക്കള്‍ക്ക് അവസരം നല്കുന്നതിനു വേണ്ടി മാറി നല്കാന്‍ സ്വയം തയ്യാറായിരിക്കുന്നത്. നാലുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ യുവാക്കള്‍ക്കായി മണ്ഡലം വിട്ടു നല്കണമെന്ന കോണ്‍ഗ്രസ് യുവനേതൃത്വത്തിന്റെ ആവശ്യത്തോടുള്ള പരിഗണന കൂടിയായിരിക്കുകയാണ് പ്രതാപന്റെ തീരുമാനം.
 
യുവാവ് ആയിരിക്കുമ്പോള്‍ പാര്‍ട്ടി തനിക്ക് സ്ഥാനാര്‍ത്ഥിത്വം തന്നിരുന്നുവെന്നും മൂന്നുതവണ തുടര്‍ച്ചയായി മത്സരിച്ച് ജയിക്കാന്‍ സാധിച്ചെന്നും പറയുന്ന പ്രതാപന്‍ തനിക്ക് അവസരം ലഭിച്ചതു പോലെ വളര്‍ന്നു വരുന്ന യുവാക്കള്‍ക്കും അവസരം ലഭിക്കണമെന്ന് പറയുന്നു. ഇത് കൂടി മുന്‍ നിര്‍ത്തിയാണ് താന്‍ ഇത്തവണ മത്സരരംഗത്തേക്ക് ഇല്ല എന്ന് തീരുമാനിച്ചത്.
 
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ആര്യാടന്‍ മുഹമ്മദ്. 1980-82 കാലത്ത് ഇ കെ  നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06), (2011 - 16) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
 
ഏതായാലും ഇനി തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇല്ലെന്നാണ് ആര്യാടനും പറഞ്ഞിരിക്കുന്നത്. മകനു വേണ്ടിയാണ് ആര്യാടന്‍ കളമൊഴിയുന്നതെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്യാടന്‍ കാണിച്ച ചങ്കൂറ്റം കാണാതെ പോകരുത്. കാരണം, രാഷ്‌ട്രീയത്തില്‍ മക്കള്‍ ഇറങ്ങിയിട്ടും വേറെ മണ്ഡലങ്ങള്‍ തേടുകയും മക്കള്‍ക്ക് പോലും മാറി കൊടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരള രാഷ്‌ട്രീയത്തില്‍ നിലവിലുള്ളത്.
 
ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ്, കെ ബാബു, വി എസ് അച്യുതാനന്ദന്‍, കെ എം മാണി, പി ജെ ജോസഫ്, രാജു എബ്രഹാം (റാന്നി) അങ്ങനെ എത്രയെത്ര നേതാക്കളാണ് സ്ഥാനാര്‍ത്ഥിത്വം വിട്ടൊഴിയാതെ നില്‍ക്കുന്നത്. 1970ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ ഉമ്മന്‍ ചാണ്ടിക്ക് പിന്നീട്  ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ അട്ടിമറിക്കാന്‍ എതിര്‍പാളയത്തില്‍ നിന്ന് ചെറുതും വലുതുമായി പലരും വന്നെങ്കിലും അവരെല്ലാം ചാവേറ് ആയതല്ലാതെ ഉമ്മന്‍ ചാണ്ടിയുടെ വിജയത്തിനോ ഭൂരിപക്ഷത്തിനോ കാര്യമായ ഇളക്കം തട്ടിയില്ല.
 
എന്നാല്‍, പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ഗ്രസിനോ യു ഡി എഫിനോ ഇനിയും കഴിഞ്ഞിട്ടില്ല. പതിനൊന്നാം പോരാട്ടത്തിന് ഉമ്മന്‍ ചാണ്ടി തയ്യാറെടുക്കുമ്പോള്‍ ‘അരുതെ’ന്ന് പറയാന്‍ മാത്രം കരുത്തുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ് സത്യം. പ്രതാപന്റെ മാതൃക വി എസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പിന്തുടരണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍, ഉമ്മന്‍ ചാണ്ടിയോട് പറയാനുള്ളതാണ് സുധീരന്‍ വി എസിന്റെ പേര് ഉപയോഗിച്ച് പറയുന്നതെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിമര്‍ശനം. പക്ഷേ, വി എസിന്റെ കാര്യത്തില്‍ പാര്‍ട്ടി പലപ്പോഴും മത്സരിക്കേണ്ടതില്ല എന്ന് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരമാണ് പലപ്പോഴും വി എസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയത്.
 
എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ മറിച്ചാണ് കാര്യങ്ങളുടെ പോക്ക്. സീറ്റുമോഹികളായ പല യുവനേതാക്കള്‍ക്കും കണ്‍കണ്ട ദൈവമാണ് ഉമ്മന്‍ ചാണ്ടി. അതുകൊണ്ടു തന്നെ, പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് മാത്രമായിരിക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ ശബ്‌ദമുയരുക, പക്ഷേ അതു വളരെ പതിഞ്ഞ ശബ്‌ദമായിരിക്കും എന്നു മാത്രം.

വെബ്ദുനിയ വായിക്കുക