കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയും അച്ചടക്കത്തോടെയും ആയിരുന്നു പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം പുരോഗമിച്ചിരുന്നത്. അതിനിടയിലാണ് പൂരനഗരിയെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത അപകടം സംഭവിക്കുന്നത്. ബ്രഹ്മസ്വം മഠത്തില്‍ നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് പൂരപ്പറമ്പിലെ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീഴുന്നത്. തിരുവമ്പാടി പൂരം ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. 25 ലേറെ പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.