'പുറത്തുനിന്ന് നോക്കുമ്പോള്‍ മരത്തില്‍ കേടൊന്നും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പൂരത്തിനു മുന്‍പേ മരം വെട്ടിക്കളയുമായിരുന്നു. മരത്തിന്റെ ഉള്ളിലായിരുന്നു കേട്. അതുകൊണ്ടാണ് ശക്തമായ കാറ്റ് ഇല്ലാതെയും മരക്കൊമ്പ് പൊട്ടിവീണത്,' തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവി മേനോന്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. മരക്കൊമ്പ് പൊട്ടിവീഴുന്നതിനു കുറച്ച് മുന്‍പ് വരെ താനും അവിടെ ഉണ്ടായിരുന്നെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാന്‍ മാറിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും രവി മേനോന്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായത് നാടിനെ കണ്ണീരിലാഴ്ത്തുന്നു. മേളം കൊട്ടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടംകുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് തിടമ്പേറ്റിയിരുന്നത്. അപകടമുണ്ടായതിനു തൊട്ടടുത്ത് തന്നെയാണ് ആനയെ നിര്‍ത്തിയിരുന്നത്. കൊമ്പ് പൊട്ടിവീണ ആല്‍മരത്തിനു പിന്നിലായാണ് ആന നിന്നിരുന്നത്. കൊമ്പ് വീണതും ആന പരിഭ്രാന്തനായി. മരക്കൊമ്പ് വീഴുന്ന ശബ്ദം കേട്ട് അര്‍ജുനന്‍ ഒരു വശത്തേക്ക് കുതറിനീങ്ങി. അതുകൊണ്ട് വന്‍ അപകടം ഒഴിവായി. ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തേക്കാണ് ആന കുതറിയോടിയിരുന്നതെങ്കില്‍ പൂരനഗരിക്ക് മറ്റൊരു അപകടത്തിനു കൂടി സാക്ഷ്യം വഹിക്കേണ്ടിവവരുമായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ ആനയെ അവിടെ നിന്നു മാറ്റി.