ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് പാറക്കോവിലില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ബംഗാള്‍ ഹൂഗ്ലി സ്വദേശി മന്‍സൂര്‍ മാലിക്കിനെ (40) ആണ് കൊലപ്പെടുത്തിയത്.
ബംഗാള്‍ സ്വദേശിതന്നെയായ ഭാര്യ രേഷ്മാബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിക്കിനെ തലയ്ക്കടിച്ച് കൊന്നത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് ഇരുവരും പൊലീസിനോട് കുറ്റസമ്മതം നടത്തി. വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് രേഷ്മാ ബീവി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് രേഷ്മയേയും ബീരുവിനേയും ഒരുമിച്ച് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
ഡിസംബര്‍ 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ മുഖേന മന്‍സൂറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 13-നുശേഷം ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താന്‍തന്നെയാണെന്ന് മറ്റൊരു അതിഥി തൊഴിലാളി മുഖേന രേഷ്മബീവി പൊലീസില്‍ അറിയിക്കുകയായിരുന്നു. വഴക്കിനിടെ മന്‍സൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പൊലീസിനെ അറിയിച്ചത്.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറും കുടുംബവും താഴത്തെനിലയില്‍ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിയില്‍ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്. ബീരുവുമായി രേഷ്മാബീവി പ്രണയത്തിലായിരുന്നു.
വീടിനു പിന്നിലെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ ബീരു സഹായിച്ചുവെന്നാണ് രേഷ്മാബീവി വെളിപ്പെടുത്തിയത്.