Thrissur Lok Sabha Election 2024: സുനില്‍കുമാറിനെ കളത്തിലിറക്കാന്‍ സിപിഐ, ലക്ഷ്യം സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്താക്കുക; ക്രൈസ്തവ സഭകളുടെ നിലപാട് തിരിച്ചടിയായേക്കുമെന്ന് ബിജെപി വിലയിരുത്തല്‍

വെള്ളി, 10 നവം‌ബര്‍ 2023 (09:24 IST)
Thrissur Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്.സുനില്‍ കുമാര്‍ തൃശൂരില്‍         ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കും. കടുത്ത ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള ലോക്സഭാ മണ്ഡലമാണ് തൃശൂര്‍. മുന്‍ എംഎല്‍എ, മന്ത്രി എന്നീ നിലകളിലെല്ലാം വളരെ മികച്ച പ്രവര്‍ത്തനമാണ് സുനില്‍ കുമാര്‍ നേരത്തെ തൃശൂരില്‍ നടത്തിയിട്ടുള്ളത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച പരിചയ സമ്പത്തും സുനില്‍ കുമാറിനുണ്ട്. 
 
ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വി.എസ്.സുനില്‍ കുമാറിനെ കളത്തിലിറക്കാന്‍ ഇടതുപക്ഷം ആലോചിക്കുന്നത്. സിപിഐയ്ക്ക് അര്‍ഹതപ്പെട്ട നാല് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തൃശൂര്‍ സീറ്റ് സിപിഐയില്‍ നിന്ന് സിപിഎം എടുത്തേക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയാണ് തൃശൂരിലെ ഇടതുമുന്നണി. തൃശൂരില്‍ സിപിഐ തന്നെ മത്സരിക്കട്ടെ എന്നാണ് എല്‍ഡിഎഫ് തീരുമാനം. 
 
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃശൂര്‍. ടി.എന്‍.പ്രതാപന്‍ ആണ് നിലവിലെ എംപി. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രതാപന്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. പ്രതാപന് മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും യുഡിഎഫും കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തോല്‍വി ഭയന്നാണ് പ്രതാപന്‍ മത്സരിക്കാത്തത് എന്ന തരത്തില്‍ എതിരാളികള്‍ ഇതിനെ ഉപയോഗിക്കുമെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയും വരുമ്പോള്‍ ശക്തനായ മത്സരാര്‍ഥിയെ തന്നെ രംഗത്തിറക്കിയില്ലെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നു. 
 
മികച്ച സംവാദകനും പ്രാസംഗികനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയവും ഉള്ള നേതാവാണ് സുനില്‍ കുമാര്‍. നാട്ടുകാര്‍ക്ക് സുപരിചിതനായ സുനില്‍ കുമാറിനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും താല്‍പര്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെങ്കിലും സിപിഎം നേതൃത്വം സുനില്‍ കുമാറിന് വേണ്ടി രംഗത്തെത്തിയാല്‍ സിപിഐയും വഴങ്ങുമെന്നാണ് ഇടതുമുന്നണി നേതൃത്വം വിലയിരുത്തുന്നത്. 
 
അതേസമയം തൃശൂരില്‍ സുരേഷ് ഗോപിയുടെ ജനപ്രീതിക്ക് വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. മണിപ്പൂര്‍ വിഷയത്തിലെ സുരേഷ് ഗോപിയുടെ തീവ്ര നിലപാട് തൃശൂരിലെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപിക്ക് പുറത്തുനിന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍