കേരളത്തിലെ സ്കൂള്‍ കുട്ടികൾക്ക് യൂണിഫോമിനുള്ള തുണി ഇനി കൈത്തറി മേഖലയില്‍ നിന്ന്; കൈത്തറി തൊഴിലാളികളെ രക്ഷിക്കാൻ പുതിയ പ്രവർത്തനവുമായി തോമസ് ഐസക്

Webdunia
ശനി, 30 ജൂലൈ 2016 (09:02 IST)
കേരളത്തിലെ കൈത്തരി തൊഴിലാളികൾക്ക് തൊഴിലവസരങ്ങ‌ൾ കുറയുന്ന സാഹചര്യത്തിൽ അവർക്ക് ഒരു തണലെന്നോണം പുതിയ പദ്ധതിയൊരുക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും യൂണിഫോമിനുള്ള തുണി കൈത്തറി മേഖലയില്‍ നിന്നു വാങ്ങുക എന്നതാണ് ആ തീരുമാനം. ഇത് കൈത്തറി മേഖലയിലുള്ളവർക്ക് ഒരു സഹായമാകുമെന്ന കാര്യത്തിൽ സംശയമില്ല.
 
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
കേരളത്തിലെ കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് എങ്ങനെ മിനിമം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താം. തൊഴിലുറപ്പിന്‍റെ കൂലിപോലും അവര്‍ക്ക് ഇന്ന് ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരം ഞങ്ങള്‍ കണ്ടെത്തി. കേരളത്തിലെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും യൂണിഫോമിനുള്ള തുണി കൈത്തറി മേഖലയില്‍ നിന്നു വാങ്ങുന്നതിനു തീരുമാനമെടുത്തു. ഇപ്പോള്‍ ഒരു കുട്ടിക്ക് 400 രൂപ വീതം സ്കൂളിന് പണം അനുവദിക്കുകയാണ് പതിവ്. 
 
വിദ്യാര്‍ത്ഥികളോടും ഒരു വിഹിതം വാങ്ങി സ്കൂള്‍ അധികൃതര്‍ യൂണിഫോം തയ്പ്പിച്ചു നല്‍കും. ഇതിനുപകരം ഇപ്പോള്‍ തന്നെ പോളിസ്റ്റര്‍- കോട്ടണ്‍ മിശ്രിത യൂണിഫോമിന്‍റെ വ്യത്യസ്ത സാമ്പിളുകള്‍ സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും. അവര്‍ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ച് തുണി നെയ്ത് സ്കൂളുകള്‍ക്കു നല്‍കും. ഇതുവഴി ആധുനിക തുണിത്തരങ്ങള്‍ നെയ്യുവാന്‍ തയ്യാറുള്ള കൈത്തറിക്കാര്‍ക്ക് വര്‍ഷത്തില്‍ 200 ദിവസത്തെ തൊഴിലെങ്കിലും ഉറപ്പു നല്‍കുവാന്‍ കഴിയും.
 
പക്ഷേ സര്‍ക്കാരിന്‍റെ സാമ്പത്തിക ചെലവു വര്‍ദ്ധിക്കും. ഇപ്പോള്‍ യൂണിഫോമിനായി സര്‍ക്കാര്‍ ചെലവാക്കുന്നത് ഏതാണ്ട് 50 കോടി രൂപയാണ്. ഒരു ജോഡി യൂണിഫോം കൈത്തറി തുണി എല്ലാ കുട്ടികള്‍ക്കും നല്‍കണമെങ്കില്‍ 250 കോടി രൂപയോളം വരും. 200 കോടി രൂപയില്‍ താഴെ ചെലവ് നിര്‍ത്തണമെന്ന് ധാരണയായിട്ടുണ്ട്. തുണിയുടെ സാമ്പിളടക്കം പരിശോധിച്ച് പദ്ധതിക്ക് രൂപം നല്‍കും. 
 
കയര്‍ മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ കൈത്തറിയെ തഴഞ്ഞു എന്നൊരു ആക്ഷേപം ഇതോടെ അപ്രസക്തമാകും. സാമൂഹികസുരക്ഷയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്കു പെന്‍ഷന്‍ മാത്രമല്ല, അവര്‍ പണിയെടുക്കുന്ന തൊഴിലുകള്‍കൂടി സംരക്ഷിക്കുമെന്ന വാഗ്ദാനം ഇതോടെ പ്രാവര്‍ത്തികമാവുകയാണ്. 
 
ആധുനികവല്‍ക്കരണത്തിന്‍റെ കാലത്ത് പരമ്പരാഗതമേഖലകള്‍ തകരുമ്പോള്‍ അതിലെ നിലവിലുള്ള തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കാം എന്നതിന് ഒരു ബദല്‍ മാതൃക കേരളം സൃഷ്ടിക്കുകയാണ്.
Next Article