കൊഴുപ്പിനെതിരെയുള്ള ഐസക്കിന്റെ പോരാട്ടം വാര്‍ത്തയാക്കി ബിബിസിയും വാഷിംഗ്‌ടണ്‍ പോസ്റ്റും; ബര്‍ഗറിനും പിസയ്ക്കും നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ നേട്ടങ്ങള്‍ പലതാണ്

Webdunia
വ്യാഴം, 14 ജൂലൈ 2016 (12:53 IST)
കൊഴുപ്പിനു നികുതി ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക് പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഒരുവിധം ‘ന്യൂജെന്‍’ കുട്ടീസിന്റെ എല്ലാം ഹൃദയം തകര്‍ന്നു പോയിരുന്നു. എന്നാല്‍, ധനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നികുതി ചുമത്തലിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ഇവിടുത്തെ പക്വമായ തലമുറ. കാരണം, നാട്ടുകാരുടെ ആരോഗ്യം മുന്‍നിര്‍ത്തി ആയിരുന്നു ഈ നികുതി ഏര്‍പ്പെടുത്തല്‍ എന്നതു തന്നെ. 
 
അതുകൊണ്ടു തന്നെ ബര്‍ഗര്‍, പിസ്സ, ഡൊനട്ട്, പാസ്ത, ടാക്കോസ്, പാറ്റി, പാസ്ത പോലുള്ള ഭക്‌ഷ്യവസ്തുക്കള്‍ക്ക് 14.5 ശതമാനം നികുതിയായിരുന്നു ഏര്‍പ്പെടുത്തിയത്. മന്ത്രിയുടെ ഈ നടപടിയെ ബി ബി സിയും വാഷിംഗ്‌ടണ്‍ പോസ്റ്റും വാനോളം പുകഴ്ത്തിയിരിക്കുകയാണ്. കൊഴുപ്പിനെതിരായ പോരാട്ടമെന്നാണ് ഐസക്കിന്റെ നടപടിയെ ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
 
നികുതിനിര്‍ദ്ദേശത്തിന് അനുകൂലമായും പ്രതികൂലമായും ഉയര്‍ന്ന വാദങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രതികരണവും ഉള്‍പ്പെടുത്തിയാണ് വിദേശമാധ്യമങ്ങള്‍ വാര്‍ത്ത നല്കിയത്. ബഹുരാഷ്‌ട്ര കമ്പനികളായ മക്‌ഡൊണാള്‍ഡും പിസ്സഹട്ടും കെ എഫ് സിയുമടക്കമുള്ളവയുടെ  ഉല്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.
 
കൊഴുപ്പുനികുതി കൂടുമ്പോള്‍ നേട്ടമുണ്ടാകുന്നത് എങ്ങനെ ?
 
കേരളത്തിലെ മിക്ക ആളുകളുടെയും രോഗാവസ്ഥയ്ക്ക് കാരണം അവരുടെ മാറിയ ജീവിതശൈലിയാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്‌രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും ചിലതരം കാന്‍സറുകളും വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാ‍നകാരണം  കൊഴുപ്പും പഞ്ചസാരയും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിക്കുന്നതാണ്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിക്കുന്നത് എന്നതിനാല്‍ ഭാവിയില്‍ ഇവരെ തേടി രോഗങ്ങളുടെ ഒരു നീണ്ടനിര എത്താന്‍ സാധ്യതയുണ്ട്. ഭാരം കൂട്ടാന്‍ സാധ്യതയുള്ള ഭക്‌ഷ്യപദാര്‍ത്ഥങ്ങള്‍ക്കു മേല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടനയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Next Article