മിക്ക സീറ്റിലും ഉദ്യോഗസ്ഥരെ കാണാറില്ലെന്നും ഉണ്ടെങ്കിൽ തന്നെ മോശമായ പെരുമാറ്റമാണ് ഉണ്ടാവാറുള്ളതെന്നും പരക്കെ ആക്ഷേപം ഉണ്ടായതിനെ തുടർന്നാണ് മന്ത്രി നേരിട്ട് മിന്നൽ പരിശോധന നടത്തിയത്. മന്ത്രി എത്തിയപ്പോൾ ഓഫീസിലെ എൺപത് ശതമാനം ജീവനക്കാരും ഹാജരായിരുന്നില്ല. ഇതിൽ തഹസീൽദാർ, അഡീഷണൽ തഹസീൽദാർ, ഹെഡ്‍ക്വർട്ടേഴ്‌സ് ചുമതലയുള്ള ഡെപ്യൂട്ടി തഹസീൽദാർ എന്നിവരും പെടുന്നു.
ആകെയുള്ള പത്ത് ഡെപ്യൂട്ടി തഹസീൽദാർമാരിൽ രണ്ട് പേർ മാത്രമായിരുന്നു ഹാജരുണ്ടായിരുന്നത്. ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം ഇവർ എങ്ങോട്ടുപോയി എന്നത് ആർക്കും അറിവില്ലായിരുന്നു. ഇതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന ജില്ലാ കലക്ടറോട് കാര്യങ്ങൾ വിശദമായി അന്വേഷിച്ച് നടപടി എടുക്കാൻ മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. സീറ്റിൽ ഇല്ലാതിരുന്ന മറ്റു ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്നാണ് സൂചന.