മുഖ്യമന്ത്രിയുടെ സാമ്പത്തിക മോപദേഷ്ടാവ് പദവി; ഗീത ഗോപിനാഥിന്റെ നിലപാടുകൾ പാർട്ടി നയങ്ങൾക്ക് വിരുദ്ധം, വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

വെള്ളി, 29 ജൂലൈ 2016 (07:36 IST)
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിൽ എതിർപ്പുമായി സി പി ഐ എമിലെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ. ഗീത ഗോപിനാഥിന്റെ നിയമനത്തെ ചോദ്യം ചെയ്ത് വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഗീതയുടെ നിലപാടുക‌ൾ പാർട്ടി വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗീതയുടെ നിയമനത്തിനെതിരെ വിഎസ് അയച്ച കത്ത് ഉടനടി ചേരുന്ന പിബി യോഗം ചര്‍ച്ച ചെയ്‌തേക്കും.
 
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതിനെ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സാമ്പത്തിക ഉപദേഷ്ടാവ് പദവിയ്ക്കെതിരെയും വി എസ് രംഗത്തെത്തിയിരിക്കുന്നത്. ഗീത ഗോപിനാഥിന്റെ നിയമനത്തെ കുറിച്ചു ആവശ്യമെങ്കില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമെന്ന് സി പി ഐ എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. എന്നാല്‍ നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ പ്രശംസിക്കുന്ന ഗീത ഗോപിനാഥിന്റെ നിയമനത്തെ സംബന്ധിച്ച വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമനം ഏത് സാഹചര്യത്തിലാണ് ഉണ്ടായത് എന്ന് അന്വേഷിക്കും എന്നും സി പി ഐ എം പൊളിറ്റ് ബ്യൂറോഅംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക