വേനൽചുടിന് ആശ്വാസമേകി പെയ്ത മഴ ഭീതിപടർത്തിയിരിക്കുകയാണ്. കനത്ത വേനൽമഴയെത്തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉണ്ടായ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരത്തെ പുന്തുറ, വലിയതുറ, വിഴിഞ്ഞം , അഞ്ചുതെങ്ങ്, അടിമലത്തുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായി തുടരുന്നത്.
കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ഇരുനൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ഇരുനൂറിലധികം വീടുകളും ഭാഗീകമായി തകർന്നിരിക്കുകയാണ്. അതേസമയം, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ സ്ഥിതി ദയനീയമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പകർച്ച വ്യാധികൾ പിടികൂടാനും സാധ്യതയുണ്ട്.
അതേസമയം, കനത്ത മഴ ഒരാഴ്ച കൂടി തുടരുമെന്നും തീരപ്രദേശങ്ങളിൽ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്. തീരപ്രദേശങ്ങളില്‍ 50 - 60 കിലോമീറ്റര്‍ വേഗത്തില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.