"മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു" ; ഉമ്മന്‍ ചാണ്ടിയുടെ കത്തിന് വി എസിന്റെ മറുപടി

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (14:55 IST)
നവമാധ്യമങ്ങളില്‍ വി എസ്  പ്രവേശിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വി എസിന് തുറന്ന കത്തെഴുതിയ മുഖ്യമന്ത്രിക്ക് വി എസിന്റെ തകര്‍പ്പന്‍ മറുപടി. ഫേസ്‌ബുക്കിലൂടെതന്നെയാണ് വി എസ് മറുപടി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐ ടിയും ഒരു ഒരു വില്പന ചരക്കാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
 
വി എസിന്റെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:-
 
ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് !!?
 
28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച Infopark ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴത്തെ IT വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളത് കൊണ്ടാണ്. ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ IT-യും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ. അല്പം ചരിത്രത്തിലേക്ക് കടക്കാം. LDF സർക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാർട്ട് സിറ്റി 2016-ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. അങ്ങനെ 33000 പേർക്ക് ജോലി ലഭിക്കുമായിരുന്നു. 2013-ൽ പൂർത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയെന്ന് വീമ്പടിക്കുന്നത്. ഉത്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല. വന്നതാകട്ടേ ചില തട്ടുകടകളും ബാർബർഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആർക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ റ്റി പാർക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സർക്കാരാണെന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ താങ്കൾക്ക് മനസ്സിലാകും.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം