സരിതയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും പെന്‍ഡ്രൈവും എന്ത്കൊണ്ട് കോടതിയിലെത്തിയില്ല? ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും വി എസ്

Webdunia
വ്യാഴം, 5 മെയ് 2016 (15:16 IST)
തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വി എസ് രംഗത്തെത്തിയത്.
 
വി എസിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഉമ്മന്‍ ചാണ്ടി വീണ്ടും ഹാജരാകുമ്പോള്‍
 
സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി കള്ളങ്ങള്‍ പറഞ്ഞത് കൊണ്ടാണ് ഈ തീരുമാനം എന്നാണു പത്രറിപ്പോര്‍ട്ട്.
പതിനാല് മണിക്കൂര്‍ കമ്മീഷന് മുന്നില്‍ ഇരുന്നു എന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രി പക്ഷെ അവിടെ ചെയ്തതെന്താണ്? നിയമസഭയിലും പൊതുജനങ്ങളോടും പറഞ്ഞ കള്ളങ്ങള്‍ സോളാര്‍ കമ്മീഷനിലും ആവര്‍ത്തിച്ചു. പുതിയ ചില കള്ളങ്ങള്‍ തട്ടിവിടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ വീണ്ടും ഹാജരാകുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്.
1. 2012 ജനുവരി 27 ന് ദല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ പരിസരത്ത് വച്ച് സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നും തോമസ്‌ കുരുവിള വഴി പണം കൈമാറി എന്നുമാണ് സരിതയുടെ മൊഴി. ഇതിനു മറുപടിയായി താങ്കള്‍ നിയമസഭയില്‍ പറഞ്ഞത് ജനുവരി 29 നാണ് താങ്കള്‍ വിജ്ഞാനഭവനില്‍ പോയത് എന്നാണ്. എന്നാല്‍ തെളിവുകള്‍ നിരന്നപ്പോള്‍ 27ന് തന്നെയാണ് പോയതെന്ന് താങ്കള്‍ക്ക് കമ്മീഷനോട് സമ്മതിക്കേണ്ടിവന്നു. എന്തിനാണ് നിയമസഭയില്‍ കളവ് പറഞ്ഞത്?
2. ശ്രീധരന്‍നായരെ കണ്ടത് ക്രഷര്‍ ഉടമകളോടൊപ്പമാണ് എന്നാണ് താങ്കള്‍ നിയമസഭയെ അറിയിച്ചത്. ഇപ്പോള്‍ കമ്മീഷനോട് താങ്കള്‍ പറഞ്ഞത് ശ്രീധരന്‍നായര്‍ വന്നുപോയ ശേഷമാണ് ക്രഷര്‍ ഉടമകള്‍ വന്നതെന്ന്. എന്തിനാണ് ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത്?
ഇത് തൊണ്ടി സഹിതം പിടിക്കപ്പെട്ട കളവുകള്‍. ഇനിയാണ് താങ്കള്‍ ഉത്തരം നല്‍കേണ്ട പുതിയ ചോദ്യങ്ങള്‍!
 
1. ഏതോ സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാട്ടിത്തരാം എന്ന് ബിജു രാധാകൃഷ്ണന്‍ പറയുകയും സോളാര്‍ കമ്മീഷന്‍ അത് പിടിച്ചെടുക്കാന്‍ പുറപ്പെടുകയും ചെയ്തപ്പോള്‍ താങ്കളുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി സരിതയെ ഫോണില്‍ വിളിച്ച് ചില കാര്യങ്ങള്‍ നശിപ്പിച്ചു കളയാന്‍ ആവശ്യപ്പെടുന്നു. നിങ്ങളെ ബാധിക്കുന്ന എന്ത് തെളിവാണ് സരിതയുടെ കൈവശമുള്ളത്?
2. സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കുന്നതിനു മുമ്പ് താങ്കളുടെ മൊഴി സശ്രദ്ധം വായിച്ച് അതേപടി മൊഴി നല്കണം എന്ന് തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നു. സരിതയും നിങ്ങളും പങ്കാളികളല്ലെങ്കില്‍ എന്തിനു ഒരേ മൊഴി നല്‍കാന്‍ ശ്രദ്ധിക്കണം?
3. റോഷന്റെ ഉപദേശം കൂടി തേടിയിട്ടുവേണം മൊഴി നല്‍കാന്‍ എന്നും തമ്പാനൂര്‍ രവി സരിതയെ ഉപദേശിക്കുന്നു. സര്‍ക്കാര്‍ അഭിഭാഷകനായ റോഷന്‍ സരിതയുടെ ഉപദേഷ്ടാവായത് എങ്ങനെ?
4. സരിതയുടെ പിടിച്ചെടുത്ത ഫോണ്‍രേഖകള്‍ ഐ ജി ടി ജെ ജോസ് നശിപ്പിച്ചുകളഞ്ഞു എന്ന് ഡി ജി പി മൊഴി നല്‍കി. എന്ത്കൊണ്ട് ജോസിനെതിരെ നടപടിയെടുത്തില്ല?
5. സരിതയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും പെന്‍ഡ്രൈവും എന്ത്കൊണ്ട് കോടതിയിലെത്തിയില്ല?
6. പൊതുമേഖലാസ്ഥാപനമല്ലാത്ത, എംപാനല്‍ഡ് ലിസ്റ്റിലില്ലാത്ത ടീം സോളാര്‍എന്ന തട്ടിപ്പ് കമ്പനിക്ക് സോളാര്‍ പദ്ധതി നല്‍കണം എന്ന് കളക്ടര്‍ക്ക് നിര്‍ദേശം നല്കുകയും എം എല് എ ഫണ്ട് അതിനായി നീക്കി വയ്ക്കുകയും ചെയ്ത എം എല്‍ എ മാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?
7. ടീം സോളാര്‍ എന്ന സ്ഥാപനം നല്‍കിയ ലിസ്റ്റിലുള്ള ഉപഭോക്താക്കള്‍ക്ക് സരോന വെന്‍ചേഴ്സ് എന്ന സ്ഥാപനം വഴി അനര്‍ട്ടിന്‍റെ സബ്സിഡി ലഭിച്ചിട്ടില്ലെ? എന്നിട്ടും പൊതുപണം നഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് തട്ടിപ്പല്ലേ?
സമൂഹത്തിന്റെ മുമ്പിലുള്ള ഈ ചോദ്യങ്ങളില്‍ നിന്ന് താങ്കള്‍ക്ക് ഒളിച്ചോടാന്‍ ആവില്ല. മറുപടി ഇല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും തുറന്ന പുസ്തകം എന്നും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുകൊള്ളൂ. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരിക തന്നെ ചെയ്യും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article