സീറ്റ് വിഭജനം വഴിമുട്ടിനില്‍ക്കുന്ന യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന്. 18 സീറ്റ് വേണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ മാണി ഇപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ്.
എന്നാല്‍, ഇത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, കഴിഞ്ഞവര്‍ഷം മാണി വിഭാഗം മത്സരിച്ച കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ വെച്ചുമാറണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമായും ഈ പ്രശ്നങ്ങളാവും ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുക. കഴിഞ്ഞവര്‍ഷം 15 സീറ്റിലാണ് മാണി വിഭാഗം മത്സരിച്ചത്. സീറ്റ് ചര്‍ച്ച പൂര്‍ത്തിയായശേഷം മാത്രമേ അവര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് പ്രവേശിക്കാനാകൂ.
സ്ഥാനാര്‍ഥികളെച്ചൊല്ലി പാര്‍ട്ടിക്കകത്തും പല തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. പിറവം സീറ്റ് നല്‍കിയ ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനല്‍കാനാവിലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പകരം ലഭിക്കുന്നത് വിജയസാധ്യതയില്ലാത്ത സീറ്റാണെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ജേക്കബ് വിഭാഗം. ഇതുസംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ അത് ജേക്കബ് വിഭാഗത്തിലും മുന്നണിയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഉഭയകക്ഷി ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജേക്കബ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് അടിയന്തര ഉന്നതാധികാരസമിതി യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവരോട് യോഗത്തിനത്തൊന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര് എസ് പി, ജെ ഡി യു കക്ഷികളുമായും സീറ്റ് വിഭജനത്തില്‍ ഇതുവരേയും ധാരണയായിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരട് സ്ഥാനാര്‍ഥി പട്ടികയുമായി ഇന്ന് ഉച്ചയോടെ ഡല്‍ഹിക്ക് പോകുന്നത്. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റായ ബാലുശ്ശേരി മുസ്ലിം ലീഗിന് വിട്ടുനല്‍കിയത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അസ്വാരസ്യമുയര്‍ത്തിയിട്ടുണ്ട്. കുന്ദമംഗലം സീറ്റ് പകരം ലഭിക്കാതെയാണ് ബാലുശ്ശേരി വിട്ടുനല്‍കിയതെന്നതാണ് ആരോപാണം.