തിരുവനന്തപുരത്ത് ആറ് മണ്ഡലങ്ങളില്‍ പതിനാല് അപരന്മാര്‍ മത്സര രംഗത്ത്

ചൊവ്വ, 3 മെയ് 2016 (11:18 IST)
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ 6 മണ്ഡലങ്ങളിലായി 14 അപരന്മാര്‍ ഇത്തവണ മത്സര രംഗത്തുണ്ട്. ജില്ലയില്‍ ആകെ 14 മണ്ഡലങ്ങളാണുള്ളത്. യു.ഡി.എഫിനും എല്‍.ഡി.എഫിനു 6 വീതവും ബി.ജെ.പിക്ക് 2 എണ്ണവുമാണ് അപര്‍ന്മാര്‍ എന്നാണു കണക്കാക്കിയിരിക്കുന്നത്.
 
കടുത്ത മത്സരം നടക്കുന്ന നേമത്ത് നിലവിലെ എം.എല്‍.എ ആയ എല്‍.ഡി.എഫിലെ ശിവന്‍കുട്ടിക്കെതിരെ മറ്റൊരു ശിവന്‍ കുട്ടിയാണ് അപരനായി രംഗത്തുള്ളത്. അപരനായ ശിവന്‍ കുട്ടി കുറേ വോട്ടുകള്‍ നേടിയാല്‍ അത് എല്‍.ഡി.എഫിനു വിനയാകും എന്നാണൂ കരുതുന്നത്. ഇതിനൊപ്പം നെടുമങ്ങാട്ട് എല്‍.ഡി.എഫിലെ സി.ദിവാകരനെതിരെ മറ്റൊരു ദിവാകരനും രംഗത്തുണ്ട്.
 
അരുവിക്കര മണ്ഡലത്തില്‍ നിലവിലെ എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എസ്.ശബരീനാഥിനു പാരയായി ശബരീനാഥന്‍.ജി ആണ് രംഗത്തുള്ളത്. ഇതിനൊപ്പം ഇവിടെ എല്‍.ഡി.എഫിലെ എ.എ.റഷീദിനെതിരെ മറ്റൊരു റഷീദും മത്സര രംഗത്തുണ്ട്. 
 
മന്ത്രി ശിവകുമാറും ശ്രീശാന്തും മാറ്റുരയ്ക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റണി രാജുവിനെതിരെ മറ്റൊരു 'ആന്‍റണി രാജു' തന്നെ മത്സര രംഗത്തുണ്ട്. 'പണി' കിട്ടാതിരുന്നാല്‍ ഭാഗ്യം എന്നാണു സ്ഥിരം ഇടതു വോട്ടര്‍മാര്‍ തന്നെ പറയുന്നത്. അതേ സമയം നിലവിലെ എം.എല്‍.എ വി.എസ്.ശിവകുമാറിനെതിരെ ശിവകുമാര്‍.ആര്‍, പി.ജി.ശിവകുമാര്‍ എന്നിവരും അപരന്മാരായി രംഗത്തുണ്ട്. ഏകദേശം സമാനമായ പേരുള്ള ശ്രീജിത്.ടി.ആര്‍ ആണ് ബി.ജെ.പിയുടെ ശ്രീശാന്തിനെതിരെയുള്ള അപരന്‍.
 
ഇതുപോലെ തന്നെയാണ് കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥിതിയും. യു.ഡി.എഫിലെ എം.എ വാഹീദിനെതിരെ എന്‍.എ.വാഹീദും എല്‍.ഡി.എഫിലെ കടകം‍പള്ളി സുരേന്ദ്രനെതിരെ സുരേന്ദ്രന്‍.പി.ജിയും രംഗത്തുള്ളപ്പോള്‍ ബി.ജെ.പിയുടെ വി.മുരളീധരന്‍റെ അപരനായി 'മുരളീധരനും' രംഗത്തുണ്ട്. ചിറയിന്‍കീഴില്‍ എല്‍.ഡി.എഫിലെ വി.ശശിക്കൊപ്പം ശശി.ടി.പിയും യു.ഡി.എഫിലെ കെ.എസ്.അജിത് കുമാറിനൊപ്പം അജിത് കുമാറും മറ്റൊരു അജിത്തും രംഗത്തുണ്ട്. 
 
സംസ്ഥാനത്തൊട്ടാകെ പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി വിമതന്മാരാണു മത്സര രംഗത്തുള്ളത്. ഇതിനൊപ്പം ചില സ്ഥലങ്ങളില്‍ പാര്‍ട്ടി 'വിമതന്മാരും' രംഗത്തുണ്ട് എന്നത് പാര്‍ട്ടികളെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക