അടുത്തു നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക വരുന്ന 15 നു പുറത്തിറക്കും. ഇതിനു മുന്നേ പത്രികയുടെ കരട് പത്താം തീയതി ഘടക കക്ഷികള്‍ക്ക് നല്‍കും.
അവരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും വേണ്ട മാറ്റങ്ങള്‍ വരുത്തി 15 നു പുറത്തിറക്കുന്നത്. അതേ സമയം യുഡിഎഫിലെ ഘടകകക്ഷികളില്‍ പെട്ട അംഗങ്ങള്‍ ജയിച്ച സീറ്റില്‍ അതാതു കക്ഷികളിലെ അംഗങ്ങള്‍ തന്നെ മത്സരിക്കാനാണ് തീരുമാനം.
എന്നാല്‍ പരാജയപ്പെട്ട സീറ്റുകള്‍ തമ്മില്‍ വച്ചുമാറുന്നതോ വിട്ടുകൊടുക്കുന്നതോ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കും എന്നുമാണ് റിപ്പോര്‍ട്ട്. ചില കക്ഷികള്‍ കൂടുതല്‍ സീറ്റുവേണമെന്ന് അവകാശം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പരിഗണന. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നില്ല.
യു ഡി എഫിലെ മുഖ്യകക്ഷികളില്‍ ഒന്നായ മുസ്ലീം ലീഗ് കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ഇതില്‍ ജയിച്ച 20 എണ്ണത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരിപ്പിക്കാനാണു തീരുമാനം. ബാക്കിയുള്ള പരാജയപ്പെട്ട നാലു സീറ്റുകളില്‍ നീക്കുപോക്കുനടത്താന്‍ പാര്‍ട്ടി തയ്യാറാണെന്നാണു സൂചന.