അമിത ചാര്‍ജ്ജ് ഈടാക്കി സര്‍വീസ് നടത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 200 ഓളം ലക്‍ഷ്വറി ബസുകള്‍ക്ക് കഴിഞ്ഞ ദിവസം പിടിവീണു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണി മുതല്‍ 10 മണി വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇരട്ടിയിലധികം ചാര്‍ജ്ജ് ഈടാക്കിയ ബസുകളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
തലസ്ഥാന നഗരിയില്‍ നിന്നു മാത്രം 23 ബസുകളെ പിടിച്ചു. 5000 രൂപ മുതല്‍ 10000 രൂപ വരെ പിഴയും ഈടാക്കി. എന്നാല്‍ പിഴ ഒടുക്കാത്ത ബസുകള്‍ പിടിച്ചെടുക്കുവാനും പെര്‍മിറ്റ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍, മംഗലാപുരം എന്നീ റൂട്ടുകള്‍ ഓടുന്ന ബസുകളാണ് കൂടുതലും ഇരട്ടിയിലേറെ തുക ഈടാക്കിവന്നത്. ബംഗ്ലൂര്‍ റൂട്ടില്‍ കെ എസ് ആര് ടി സി 1300 രൂപ വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി സ്വകാര്യ ബസുകള്‍ 2500 രൂപ വരെ ഈടാക്കുന്നുണ്ട്. സംസ്ഥാനത്തു നിന്ന് 500 ലേറെ ബസുകളാണു മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. അമിത ചാര്‍ജ്ജ് ഈടാക്കരുതെന്ന് അടുത്തിടെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചുകൂട്ടിയ വോള്‍വോ ബസ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.