അടിയന്തര പ്രമേയം: പ്രതിപക്ഷം ഇന്നും പുറത്ത്

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (11:23 IST)
സ്വാശ്രയ മെഡിക്കൽ കോളജ് വിഷയത്തെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിലെ അപാകതകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ടിവി രാജേഷ് എംഎൽഎയുടെ  അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം  ഇറങ്ങിപ്പോയത്.

സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 675 സീറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. ജസ്റ്റിസ് ജെയിംസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടിവി രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാശ്രയ മെഡിക്കൽ പ്രവേശനം ഇതുവരെയും നേരിടാത്ത പ്രതിസന്ധിയാണ് നിലവില്‍ ഉള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ സർക്കാരിന് സ്വാശ്രയ മാനേജ്‌മെന്റുകൾ സീറ്റ് നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ വ്യക്തമാക്കി. പത്ത് ശതമാനത്തിൽ കൂടുതൽ സീറ്റുവർധന കോളേജുകളിൽ അനുവദിക്കില്ല. രണ്ട് കോളേജുകളൊഴികെ മറ്റുള്ളവരുമായി ചർച്ച നടക്കുന്നുണ്ടെന്നും കാരാറൊപ്പിടാൻ വിസമ്മതിച്ച രണ്ട് കോളേജുകളുമായി കേസ് നടക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.