നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താമരശ്ശേരി രൂപത വക്താവുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ രൂപത വക്താവിനെ കൂടാതെ മലയോര വികസന സമിതി നേതാക്കളും പങ്കെടുത്തു.
മലയയോര - കുടിയേറ്റ മേഖലയായ തിരുവമ്പാടി മണ്ഡലം കുറച്ചു കാലങ്ങളായി മുസ്ലിം ലീഗിന്റേതാണ്. എന്നാല്‍, മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് രൂപത നേതൃത്വത്തിന്റെ നിലപാട്. അതേസമയം, കഴിഞ്ഞദിവസം മുസ്ലിംലീഗ് 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചിരുന്നു.
സിറ്റിങ് എം എൽ എ സി മോയിൻകുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എം എൽ എയാണ് വി എം ഉമ്മർ. ഇത്തവണ മോയിൻകുട്ടിക്ക് ലീഗ് സീറ്റ് നൽകിയിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും രൂപതാ വക്താവും മലയോര വികസന സമിതി നേതാക്കളും വിഷയം ചർച്ച ചെയ്തു. കൂടിക്കാഴ്ച വിജയകരമായിരുന്നില്ല എന്നാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വേണ്ടെന്നുള്ള കാര്യത്തില്‍ താമരശ്ശേരി രൂപത ഉറച്ചു നില്‍ക്കുകയാണ്.