കോട്ടയം: സംസ്ഥാന ഇലക്ട്രിസിറ്റി വകുപ്പാണ് ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്ത വൈദ്യുതിക്കും മറ്റും കനത്ത ബില്‍ നല്‍കി സാധാരണ ഗതിയില്‍ അത്ഭുതപ്പെടുത്തുന്നത്. എന്നാലിപ്പോള്‍ സംസ്ഥാന ജല അതോറിറ്റിയും അത് ഏറ്റുപിടിച്ചിരിക്കുന്നു. കോട്ടയം ജില്ലയിലെ തിടനാട്ടെ കോണ്‍ടൂര്‍ ലക്ഷംവീട് കോളനിയിലെ മൂന്നു സെന്ററില്‍ താമസിക്കുന്ന തളിയില്‍ ദേവസ്യയാണ് ഇത്തരത്തിലൊരു ബില്ല് കണ്ട് വെള്ളം കുടിച്ചിരിക്കുന്നത്.
കൂലിപ്പണിക്കാരനായ ദേവസ്യയ്ക്ക് രണ്ട് മാസത്തെ ബില്ലും കുടിശികയും പിഴയും എല്ലാം ചേര്‍ത്തതാണ് 31,82,577 രൂപയുടെ ബില്ല് നല്‍കിയിരിക്കുന്നത്. നാല് മാസം മുമ്പ് ദേവസ്യയുടെ വീട്ടിലെ കണക്ഷന്റെ മീറ്റര്‍ കേടായതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. പുതിയ മീറ്റര്‍ പാലായില്‍ നിന്ന് വാങ്ങാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ മീറ്ററും വാങ്ങി.
എന്നാല്‍ വകുപ്പ് ജീവനക്കാര്‍ പുതിയ മീറ്റര്‍ ഘടിപ്പിച്ചില്ല. മുമ്പൊക്കെ സാധാരണയായി ഒരു ബില്ലില്‍ മുന്നൂറു രൂപയില്‍ കൂടുതല്‍ വന്നിട്ടില്ല. കേടായ മീറ്റര്‍ മാറ്റി പകരം വയ്ക്കാനും ഇതുവരെ ജല അതോറിറ്റി തയ്യാറായിട്ടുമില്ല. പിന്നെ എന്ത് ചെയ്യാനാണ് എന്നാണ് ദേവസ്യ ചോദിക്കുന്നത്. പിഴ ഒഴിവാക്കി കിട്ടും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ദേവസ്യ.