അസാധാരണ വിരുതോടെ ജനല്‍ കമ്പി വളച്ച് വീടുകള്‍ക്കുള്ളില്‍ കടന്ന് മോഷണം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സിലിഗുഡി ബക്കരിതളെ സ്വദേശി ഗണേശ് എന്ന മുപ്പത്തഞ്ചുകാരനാണു പാറശാല പൊലീസ് വലയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോളോ ബ്രിക്സ് കമ്പനിയില്‍ ജോലിക്കെത്തിയ ഇയാള്‍ പകല്‍ സമയങ്ങളില്‍ ഹോളോ ബ്രിക്സ് കമ്പനിയില്‍ ജോലി ചെയ്യുകയും വൈകുന്നേരങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയുമായിരുന്നു ഇയാളുടെ രീതി എന്ന് പാറശാല പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ധനുവച്ചപുരം എന്‍.എസ്.എസ്.കോളേജ് മതിലിനോട് ചേര്‍ന്ന് രാത്രിയില്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള വസ്ത്രങ്ങളും ദേഹത്ത് കരി പുരട്ടിയ നിലയിലും കാണപ്പെട്ട ഇയാളെ പൊലീസ് പിടികൂടുകയാണുണ്ടായത്. പാറശാല സി.ഐ എസ്.ചന്ദ്രകുമാര്‍, എസ്.ഐ സി.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടിച്ചത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.